Friday, March 7, 2014

മത്തായിച്ചേട്ടന്‍

തന്റെ മരണശേഷം മാത്രമേ സ്വത്തുവകകളുടെ വില്‍പ്പന നടത്താന്‍ പാടുള്ളൂന്ന് മത്തായിച്ചേട്ടന്‍ വില്‍പത്രത്തില്‍ നിര്‍ബന്ധമായും എഴുതിച്ചേര്‍ത്തു. അതും കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതിനും ഏറെ മുന്നേ. ഏലിക്കുട്ടീടെ മുന്നില്‍ ഗമയിടാന്‍ ഒന്നൂടെ എഴുതിച്ചേര്‍ക്കാന്‍ വെണ്ടറോട് ചേട്ടന്‍ പറഞ്ഞു. താന്താങ്ങള്‍ക്കു ഭാഗിച്ചു കിട്ടുന്ന വസ്തുവകകളിലെ അറ്റാദായം മത്തായിക്കുട്ടി എന്ന തന്നെയോ, ടിയാന്‍ ഭാര്യ ഏലിക്കുട്ടിയെയോ ബോധിപ്പിച്ചതിനു ശേഷം മാത്രമേ, ഓരോരുത്തരും സ്വന്തം ആവശ്യങ്ങള്‍ക്കായി പോലും എടുക്കാവൂ എന്ന്.
 
കാലങ്ങള്‍ പലതു കഴിഞ്ഞു. കൊല്ലറയ്ക്കലെ മത്തായിച്ചേട്ടന്റെ മക്കള്‍ വടവൃക്ഷം പോലെ പടര്‍ന്നു പന്തലിച്ചു. മൂപ്പനുസരിച്ച് എല്ലാ ഓനുമാരും ഓളുമാരും കെട്ടി. പക്ഷേ തറവാട്ടില്‍ പുതുതായി ജനിച്ചതെല്ലാം പെണ്‍കുഞ്ഞുങ്ങളായിരുന്നു. മേമ്പൊടിക്ക് പോലും ഒരാണ്‍കുഞ്ഞിനെ കൊല്ലറയ്ക്കലേക്ക് തമ്പുരാന്‍ കര്‍ത്താവ് കൊടുത്തില്ല.
 
കാലചക്രം പിന്നെയും ഉരുണ്ടു. പെണ്‍കുട്ടികള്‍ ഓരോരുത്തരും അവരവരുടെ പുര നിറച്ചു. മക്കളുടെ ആവശ്യങ്ങള്‍ പലതായതോടെ കാശിനുവേണ്ടി മത്തായിച്ചേട്ടന്റെ മക്കള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. ആയ കാലത്ത് അത്യദ്ധ്വാനം കൊണ്ട് സഹോദരങ്ങളേയും മക്കളേയും നേരാംവണ്ണം നോക്കുകയും സാമാന്യം നന്നായിത്തന്നെ സമ്പാദിച്ചുകൂട്ടുകയും ചെയ്തിരുന്നു മത്തായിച്ചേട്ടന്‍. എന്നാല്‍ മക്കളോ? എന്റടീലും തഴമ്പുണ്ട്, അതുകൊണ്ട് വാ കീറിയ അപ്പന്‍ എനിക്കുള്ള ഇലയും കൊണ്ടുവന്നുതരും, എന്നു കരുതി നാലക്ഷരം പഠിക്കാതെ കാലം കഴിച്ചു കൂട്ടി. പക്ഷേ ജീവിതച്ചെലവ് കഴുത്തിനു മീതെ ആയപ്പോള്‍ പലര്‍ക്കും നിക്കക്കള്ളിയില്ലാണ്ടായി. പിന്നെയുള്ള പല പ്രഭാതങ്ങളിലും മത്തായിച്ചേട്ടന്റെ വീട്ടില്‍ പകല്‍പ്പൂരം പതിവായിരുന്നു.
 
വീതം വച്ചു കിട്ടിയ സ്വത്തിന്റെ ‘പവര്‍ ഓഫ് അറ്റോര്‍ണി’ സ്വന്തം പേരിലാക്കാന്‍ തലേന്നു വൈകിട്ടോടെ തന്നെ കൂടുംകുടുക്കയുമായി മക്കളോരോരുത്തരും മുറയ്ക്കു വീടെത്തുകയും, അത്താഴം കഴിഞ്ഞ് മത്തായിച്ചേട്ടന്‍ ഉറങ്ങുന്ന തക്കത്തിന് ഏലിക്കുട്ടിച്ചേടത്തിയോട് കാര്യങ്ങള്‍ സൂത്രത്തില്‍ പറയുകയും, പുലര്‍ച്ചവണ്ടിക്കു തന്നെ പോകാനെന്ന വ്യാജേന ഒരുങ്ങിയിറങ്ങി, പറമ്പില്‍ പണി ചെയ്യുന്ന മത്തായിച്ചേട്ടനോട് കാര്യങ്ങളുടെ തീര്‍പ്പിനെക്കുറിച്ച് മുട്ടുംമുരടുമനക്കി അന്വേഷിക്കുകയും ചെയ്യും.

പോരേ പുകില്‍! കൈയ്യീ കിട്ടിയതെടുത്തു വച്ചു വീക്കും മത്തായിച്ചേട്ടന്‍. ‘പോയി പണി ചെയ്തു ജീവിക്കിനെടാ’ന്നും പറഞ്ഞ്. ഏലിക്കുട്ടിച്ചേടത്തി ആരാ മോള്. ഇങ്ങനെങ്കിലും പിള്ളേര്‍ക്ക് രണ്ടു കിട്ടട്ടേന്നും വച്ച്, അപ്പനും മക്കള്ക്കും ഇടയില്‍ ഭേദപ്പെട്ടു കളിക്കുകേം ചെയ്യും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മത്തായിച്ചേട്ടന്‍ തന്റെ നിലപാട് അല്പം പോലും ലഘൂകരിച്ചില്ല. പക്ഷേ കാശിനോടുള്ള മക്കളുടെ അമിതാസക്തിയും, ഏതു ദുഷ്ടവിധേനയും അത് സ്വായത്തമാക്കണമെന്ന അപകട മനോഭാവവും ചേട്ടനെ കൂടുതല്‍ വിഷമിപ്പിച്ചു. ഒരു ശനിയാഴ്ച രാത്രീലെ നര്‍മ്മസല്ലാപത്തിനിടയ്ക്ക് ചേട്ടനത് ചേട്ടത്തിയോട് സൂചിപ്പിക്കുവേം ചെയ്തു.

നാളുകള്‍ കൊഴിഞ്ഞു വീണു. മത്തായിച്ചേട്ടന്റെ ഇളയമകന്‍റെ കല്യാണവും കഴിഞ്ഞു. മധുവിധുവൊക്കെ കഴിഞ്ഞെത്തിയ പുതുപ്പെണ്ണും, മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികളും സ്വരച്ചേര്‍ച്ചയിലല്ലാതെയിരിക്കുന്ന കാലം. കാരണം ഊഹിക്കാല്ലോ! നാട്ടിലെ ഒരിടത്തരം ജന്മിയായതു കൊണ്ടു തന്നെ പെണ്മക്കളെയൊക്കെ കെട്ടിച്ചുവിടാന്‍നേരം കഴുത്തും കാതും നിറക്കാന്‍ മത്തായിച്ചേട്ടന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്, സദ്യയ്ക്കും വിളിക്കും യാതൊരു കുറവും കാണിച്ചുമില്ല. വന്നു കേറിയതില്‍ പക്ഷെ കാര്യമായിട്ടൊന്നും കൊണ്ടുവരാഞ്ഞത് ഇളയ മകന്റെ ഭാര്യയായിരുന്നു. മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികള്‍ക്ക് പിന്നെ കലിയിളകാതിരിക്കുമോ! സാമാന്യം ഭേദപ്പെട്ട തരത്തില്‍ അമ്മായി അപ്പനമ്മപ്പോര് ആ പാവം പെണ്കൊച്ചിനോട് ഇവര്‍ എടുത്തു പോന്നു.

സഹികെട്ടപ്പോ രായ്ക്കുരാമാനം പെണ്ണവളുടെ കെട്ടിയവനേം ചാക്കിലാക്കി സ്വന്തം വീട്ടിലേക്കു ഇറങ്ങീം പോയി. കുറച്ചധികം കാലത്തേക്ക് പിന്നെ ആ വലിയ വീട്ടില്‍ മത്തായിച്ചേട്ട-ഏലിക്കുട്ടി ദമ്പതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടെ മൂന്നു നായ്ക്കളും, രണ്ടു കാലിയും, ചേട്ടത്തി എന്നും ചോറെറിഞ്ഞു കൊടുക്കുന്ന ഒരു ചാര കാവതിക്കാക്കയും. 

ആയിടക്ക്‌ ഏലിക്കുട്ടിച്ചേട്ടത്തീടെ നിത്യദീനം വല്ലാതെകണ്ട് മൂര്‍ച്ഛിച്ചു. അഞ്ചെട്ടു പെറ്റിട്ടെഴുന്നേറ്റതല്ലേ! പിന്നെ മത്തായിച്ചേട്ടനൊപ്പം ഈ മലമൂട്ടീ വന്ന് പാമ്പിനും പഴുതാരക്കും കൊടുക്കാതെ കൊല്ലറയ്ക്കലെ വംശവൃക്ഷം ഇത്രടം കണ്ടു വളര്‍ത്തീതല്ലേ.
 
എങ്കിലും പെട്ടെന്നൊരു സുപ്രഭാതത്തില്‍ എല്ലാമെല്ലാമായ തന്‍റെ ‘ഇച്ചാ’യെ വിട്ട് എലിക്കുട്ടിച്ചേടത്തി കൊല്ലറയ്ക്കലോടും ആ മലമൂടിനോടും ഗുഡ്ബൈ പറഞ്ഞു.

ഒരു ചിറകില്ലാതെ നമ്മുടെ മത്തായിച്ചേട്ടന്‍ എത്ര പറക്കും. എന്തൊക്കെയായാലും ആ അവസ്ഥയില്‍ മത്തായിച്ചേട്ടന് ആശ്വാസമായത്, വീടുവിട്ടിറങ്ങിപ്പോയ ഇളയമകന്‍റെ തിരിച്ചുവരവാണ്.
 
പ്രശ്നം പക്ഷേ കൂടുതല്‍ സങ്കീര്‍ണ്ണമായതേ ഉള്ളൂ. ആവശ്യസമയത്ത് ചാച്ചനമ്മമാരെ നോക്കാന്‍ നില്‍ക്കാത്തവളെ ഇനിയിവിടെ നിര്‍ത്തത്തില്ല എന്നും പറഞ്ഞ് ബാക്കിയുള്ള മക്കള്‍സെല്ലാരും വന്നുകേറിയവനേം അവളേം ഒറ്റപ്പെടുത്തി. അവരത് പ്രതീക്ഷിച്ചാണ് രണ്ടു പിറുങ്ങട്ടികളേം തൂക്കിപ്പിടിച്ച് വന്നുകേറീതെങ്കിലും. ബാക്കിയെല്ലാരും കൂടി അവര്‍ക്കവകാശമുള്ള സ്വത്തുവരെ വിട്ടു നല്‍കേണ്ടതില്ലെന്ന് പിന്നാമ്പുറ ചര്‍ച്ചകളും കൊഴുപ്പിച്ചു.

ഇങ്ങനെ തര്‍ക്കം കൊടുമ്പിരി കൊള്ളുകേം, എറച്ചി മൂക്കുമ്പോ വൈകുന്നേരങ്ങളീ പതിവുള്ള മക്കടെ തമ്മീത്തല്ലും കള്ളുമ്പുറ വക്കാണോം കണ്ട് മത്തായിച്ചേട്ടനും മനസ്സു മരവിച്ചു.
 
ഒരു ചെറുകാറ്റു വീശിയിട്ടെന്നപോലെ ഒരസുഖം അങ്ങോരെ പിടികൂടി. പക്ഷേ പിടിച്ചപിടിയില്‍ മത്തായിച്ചേട്ടന്‍ ഒന്നടങ്കം വീണുപോയി.
 
മക്കളെല്ലാരും ചുറ്റും കൂടി. ആളു മാറി ഓരോരുത്തരും അച്ഛനെ ശുശ്രൂഷിച്ചു.

നാട്ടുകാരെല്ലാം ഒതുക്കത്തീ പറഞ്ഞു.

‘അല്ലേലും കൊല്ലറയ്ക്കലെ പിള്ളേരെല്ലാം നല്ലോരാ. എന്തൊരു ഭിന്നിപ്പുണ്ടെന്നു പറഞ്ഞിട്ടെന്താ, ചാച്ചന്റെ കാര്യം വന്നപ്പോ കണ്ടില്ലേ, പൊന്നു പോലല്ലേ നോക്കുന്നേ. അവരുടെയാ ജോയിപ്പു നോക്കിയേ, ഏലിക്കുട്ടിച്ചേട്ടത്തി 'ണ്ടാരുന്നെങ്കി 'ന്റെ നാത്തൂനേ’, പുറകുവശത്തെ ചായ്പ്പീ നിന്നിരുന്ന ചിലരുടെ ആത്മഗതം ചേട്ടന്റെ ഉള്ളു പൊള്ളിച്ചു.

കര്‍ത്താവേ, എന്റെ കുട്ടികള്‍ ഇത്ര നല്ലവരോ? ഇവരെയാണോ ഞാനവിശ്വസിച്ചത്.

അന്ന് ഉറങ്ങുന്നേനു മുന്നേ മക്കളോരോരുത്തരും ചേട്ടന്റെ കട്ടില്‍ക്കാലിനു ചുറ്റും കൂടി. എല്ലാരും അപ്പന്റെ രോഗശാന്തിക്കു പ്രാര്‍ത്ഥിച്ചു. പലരും കെട്ടിച്ചുവിട്ട വീട്ടീ പോയിട്ടു തന്നെ ദിവസങ്ങളായിരുന്നു. എല്ലാം അറിഞ്ഞ് മത്തായിച്ചേട്ടന്റെ മനസ്സു നിറഞ്ഞു.

അന്ന് രാത്രി മത്തായിച്ചേട്ടന്‍ ഒരു സ്വപ്നം കണ്ടു.

ആട്ടിന്പറ്റങ്ങള്‍ക്കിടയില്‍ സുഖമായി കിടന്നുറങ്ങുന്ന തന്റെ രൂപം. സൂര്യനുദിച്ചു വന്നപ്പോ ആകാശത്തൂന്ന് ഒരേണിയിട്ട് ഏലിക്കുട്ടിച്ചേടത്തി താഴേക്ക് ഊര്‍ന്നിറങ്ങി വന്നു. ചേട്ടത്തിയുടെ വേഷം ചട്ടയും മുണ്ടും ആരുന്നു. കാപ്പികുടിച്ച് കൊച്ചുവര്‍ത്തമാനോം പറഞ്ഞ് ആട്ടിന്പറ്റങ്ങളേം ഓമനിച്ച് അവരല്‍പനേരം അങ്ങനെ കിടക്കയിലിരുന്നു. പിന്നെ പോവാനായി എന്നാംഗ്യം കാണിച്ച് ചേട്ടന്റെ കൈ പിടിച്ച് ചേട്ടത്തി ഏണിയിലേക്ക് മെല്ലെ കയറി. ആട്ടിന്പറ്റങ്ങള്‍ ഉറങ്ങുകയായിരുന്നു അപ്പോള്‍.

മുന്നേപ്പുറകേ അവരാകാശത്തിലേക്ക് ഏണി കയറിപ്പോയി. മൂന്നു കാതം കയറിയില്ല അതിനുമുന്നേ ഒരു പറ്റം ചെന്നായ്ക്കളുടെ ഓരിയിടല്‍ മത്തായിച്ചേട്ടന് കേള്‍ക്കാനായി. ചേട്ടന്റെ അമ്പരപ്പ് കണ്ട ചേട്ടത്തി ഏണിയുടെ മൂട്ടിലേക്ക് വിരല്‍ ചൂണ്ടി.

കര്‍ത്താവേ അങ്ങു താഴെ, താന്‍ കിടന്ന കട്ടിലിനു ചുറ്റും ഒരു പറ്റം ചെന്നായ്ക്കള് കൂട്ടം കൂടിയിരിക്കുന്നു. ആ ആട്ടിന്‍കുട്ടികളെയെല്ലാം ഇവറ്റ തിന്നിട്ടുണ്ടാവുമോ?

മത്തായിച്ചേട്ടന്റെ മനോഗതം വായിച്ചെന്നോണം ഏലിക്കുട്ടിച്ചേടത്തി വായുവില്‍ കൈകള്‍ വീശി. മേഘങ്ങള്‍ അകന്നു മാറി. മത്തായിച്ചേട്ടന് ഇപ്പോള്‍ കാഴ്ച കുറച്ചുകൂടി വ്യക്തമായി.

കര്‍ത്താവേ ഞാനെന്താണീ കാണുന്നത്. ഈ ചെന്നായ്ക്കളാണോ ആട്ടിന്‍ തോലണിഞ്ഞ് എനിക്കു ചുറ്റും കൂടി നിന്ന് എന്റെ സൌഖ്യത്തിനായി പ്രാര്‍ഥിച്ചത്. ഇവറ്റകളുടെ മുഖമാണോ ഞാന്‍ തൊട്ടു തലോടിയത്. മത്തായിച്ചേട്ടന് തല കറങ്ങുന്നതു പോലെയും താന്‍ താഴേക്കിപ്പോള്‍ പതിക്കുമെന്നും തോന്നി. എങ്കിലും ഏലിക്കുട്ടിച്ചേടത്തിയുടെ രക്ഷാകരം, ചേട്ടനെ വീണ്ടുമാ അളിഞ്ഞ നരകത്തിലേക്ക് പതിക്കുന്നതില്‍ നിന്നും താങ്ങി നിര്‍ത്തി.

ചേട്ടത്തിയുടെ ചിരിക്ക് മുമ്പെപ്പോഴുമുള്ളതിനേക്കാളും ഭംഗി ചേട്ടനു തോന്നി. അല്ല പ്രകാശം! അത് ചേട്ടനോട് പറഞ്ഞു, ‘ഇനി പത്തു ചുവടും കൂടി വച്ചാ മതി’.

ചേട്ടനും പുറകെ ചേട്ടത്തിയും മേഘങ്ങളിലേക്കെവിടേക്കോ കയറിപ്പോയി.

അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ മത്തായിച്ചനെ മൂന്നുദിനരാത്രങ്ങള്‍ കൂടി പ്രാര്‍ത്ഥിച്ചും ഭക്ഷണം കൊണ്ടുവെച്ചും ശുശ്രൂഷിച്ചു.