Thursday, October 7, 2010

കണ്ണാടി നോക്കരുത്

അവള്‍ തുപ്പി,
മുഖത്തേക്ക് തന്നെ,
ആഞ്ഞ്,
മറ്റവള്‍ അവളെയും,
തീര്‍ന്നില്ല!
വെറി പൂണ്ട അവള്‍
മറ്റവളെ അടിച്ചു.
മറ്റവള്‍ തിരിച്ചും.

തകര്‍ന്ന കണ്ണാടിച്ചില്ലുകളില്‍,
ദുര്‍ഗന്ധം വമിപ്പിച്ച്,
ഈച്ചയരിച്ച്,
തുപ്പല്‍ കെട്ടി നിന്നു.
ചേമ്പിലപ്പുറത്ത് ബാക്കി വന്ന,
ചാറ്റല്‍ മഴ പോലെ.
ഒരിക്കലും ഇണ ചേരാനാകാതെ,
രണ്ടാത്മാക്കള്‍ പരസ്പരം നോക്കി നിന്നു.
ഈ കഥക്കുത്തരം മറ്റൊരു കടംകഥ,
എന്നു പറയുമ്പോഴത്തെ,
നിസംഗത പോലെ,
സ്വന്തം പ്രതിബിംബത്തെ,
വികാരം ഒന്നും അറിയിക്കാനാവാതെ,
അത് വറ്റിയുണങ്ങി,

തകര്‍ന്ന കണ്ണാടിച്ചില്ലുകളില്‍,
വെളുത്തുണങ്ങിയ പാട് മാത്രം ബാക്കിയായി.
ദുര്‍ഗന്ധത്തോടൊപ്പം ഈച്ചയും പോയി.
തുപ്പേണ്ടിയിരുന്നില്ല, അവള്‍ മുഖം തുടച്ചു,
പിന്നെ,
ചില്ലിന്‍ ചിതരുകളില്‍ ചവിട്ടി തിരികെ നടന്നു.
പൊയ്പ്പോയ കാലത്തേക്ക്,
അന്നത്തെയത് തിരുത്തിയെഴുതാന്‍.